കൊച്ചിയില് അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ശ്യാം ബെനഗല് ഉദ്ഘാടകന്
text_fieldsകൊച്ചി: ഓള് ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം-ആലിഫ് എന്ന പേരില് കൊച്ചിയില് ഈ മാസം 15ന് തുടങ്ങുമെന്ന് സംഘാടകര് വാര്ത്താസമ്മേളനത്തില് അറിയിച്ചു. കൊച്ചി ലെ മെറിഡിയനില് വിഖ്യാത ചലച്ചിത്രകാരന് ശ്യാം ബെനഗല് തിരിതെളിക്കും. ബര്ലിന് ഗോള്ഡന് ബെയര് അവാര്ഡ് നേടിയ ജാഫര് പനാഹിയുടെ ഇറാനിയന് ചലച്ചിത്രം ‘ടാക്സി’യാണ് ഉദ്ഘാടന ചിത്രം.
അഞ്ചുദിവസം നീളും. 34 രാജ്യങ്ങളില്നിന്നായി 135 സിനിമ എട്ട് വിഭാഗങ്ങളില് പ്രദര്ശിപ്പിക്കും. കൊച്ചിയിലെ സിനിപോളിസ് തിയറ്റര് കോംപ്ളക്സിലാണ് സിനിമകള് പ്രദര്ശിപ്പിക്കുക. ദര്ബാര് ഹാളില് കുട്ടികള്ക്കുവേണ്ടിയുള്ള ചിത്രങ്ങള് പ്രദര്ശിപ്പിക്കും. ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ഇന്ഡിവുഡ് ഫിലിം മാര്ക്കറ്റിന് ലെ മെറിഡിയന് വേദിയാകും.
15ന് നടക്കുന്ന ‘ഇന്റര്നാഷനല് ഫിലിം ബിസിനസ്’ അവാര്ഡോടെയാണ് ഇന്ഡിവുഡ് ഫിലിം മാര്ക്കറ്റിന് തുടക്കം കുറിക്കുന്നത്. ദേശീയ, അന്തര്ദേശീയ വ്യവസായ മേഖലയിലെ പ്രമുഖര്ക്കാണ് പുരസ്കാരം. ആഗോള സിനിമയുടെ നിര്മാണം, വിതരണം, സിനിമ സാങ്കേതിക വിദ്യയുടെ ആധുനികസങ്കേതങ്ങളെ പറ്റിയുള്ള ചര്ച്ചകളും നടക്കും. ഏരീസ് ഗ്രൂപ്, ഫിലിം എംപ്ളോയീസ് ഫെഡറേഷന് ഓഫ് കേരള (ഫെഫ്ക) എന്നിവരാണ് മുഖ്യസംഘാടകര്. 50 സിനിമയാണ് മത്സരവിഭാഗത്തില് ഉള്പ്പെടുത്തിയിട്ടുള്ളത്. ഫീച്ചര് ഫിലിം, പുതുമുഖ സംവിധായകര്, ഡോക്യുമെന്ററി സിനിമകള്, ഷോര്ട്ട് ഫിലിം തുടങ്ങിയ വിഭാഗങ്ങളില് ‘ഗോള്ഡന് ഫ്രെയിം അവാര്ഡ്’ നല്കും. ഇറാനിയന് സംവിധായകന് കോസ്റോ മാസുമിയുടെ നേതൃത്വത്തിലെ ജൂറി കമ്മിറ്റിയാണ് വിധി നിര്ണയിക്കുക. സംവിധാനരംഗത്ത് 50 വര്ഷം പൂര്ത്തിയാക്കുന്ന അടൂര് ഗോപാലകൃഷ്ണനെ ആദരിക്കും. അദ്ദേഹത്തിന്െറ ചിത്രങ്ങളുടെ പ്രത്യേക വിഭാഗവുമുണ്ടാകും. ചെക്, സ്ലോവാക് ചിത്രങ്ങളുടെ പ്രദര്ശനമാണ് മേളയുടെ മുഖ്യ ആകര്ഷണം. സിനിമ ഫോര് കെയര്, സിനിമ ഫോര് വിമന്, സിനിമ ഫോര് ചില്ഡ്രന്, വേള്ഡ് സിനിമ, മ്യൂസിക്കല്സ് തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലെ സിനിമകളും പ്രദര്ശിപ്പിക്കും. ഇന്ഡിവുഡ് പനോരമ, മലയാള സിനിമകള്, നെറ്റ്പാക് അവാര്ഡ് നേടിയ സിനിമകള് തുടങ്ങിയ വിഭാഗങ്ങളിലും തെരഞ്ഞെടുത്ത സിനിമകള് പ്രദര്ശിപ്പിക്കും.
ഡിജിറ്റല് ഫിലിം മേക്കിങ്, ഫോട്ടോഗ്രഫി, ആക്ടിങ്, ഡോക്യുമെന്ററി നിര്മാണം, ക്രൗഡ്ഫണ്ടിങ് തുടങ്ങിയവ ഉള്ക്കൊള്ളിച്ച പ്രത്യേക ശില്പശാലകളും ഉണ്ടാകും. ബോളിവുഡ് ഹിറ്റ് സംവിധായകന് കബീര് ഖാന്, മലയാളസിനിമ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരുമായി പ്രേക്ഷകര്ക്ക് സംവദിക്കാനുള്ള അവസരവുമുണ്ടാകും. ഇനി എല്ലാവര്ഷവും കൊച്ചിയില് അന്താരാഷ്ട്ര ചലച്ചിത്രമേള ഉണ്ടാകുമെന്ന് സംഘാടകരും ഫെഫ്ക ഭാരവാഹികളുമായ സിബി മലയില്, ബി. ഉണ്ണികൃഷ്ണന്, കമല് എന്നിവര് അറിയിച്ചു.
ഓരോ പ്രാദേശികഭാഷക്ക് ഓരോ ബ്രാന്ഡ് അംബാസഡര്മാരാണ് മേളക്കുള്ളത്. മോഹന്ലാലാണ് മലയാള സിനിമയുടെ ബ്രാന്ഡ് അംബാസഡര്. തമിഴ് സിനിമയില്നിന്ന് കമല് ഹാസന്, തെലുങ്കില് ദഗ്ഗുബതി വെങ്കടേഷ്, ബംഗാളില്നിന്ന് പ്രൊസെന്ജിത്ത് ചാറ്റര്ജി, കന്നടയില്നിന്ന് കിച്ചു സുദീപ്, മറാത്തിയില്നിന്ന് സുബോധ് ബാവേ എന്നിവരും മേളക്കത്തെും. ഹിന്ദി നടി കല്കി കോക്ലിന്, മഞ്ജു വാര്യര്, നിക്കി ഗല്റാണി എന്നിവര് സിനിമ ഫോര് കെയര്, സിനിമ ഫോര് വിമന്, സിനിമ ഫോര് ചില്ഡ്രന് വിഭാഗങ്ങളുടെ ബ്രാന്ഡ് അംബാസഡര്മാരാണ്. www.aliiff.com വെബ്സൈറ്റിലൂടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. മുതിര്ന്നവര്ക്ക് 500 രൂപയും കുട്ടികള്ക്ക് 300 രൂപയാണ് നിരക്ക്. ഒരുദിവസത്തെ മുഴുവന് സിനിമകള് കാണാന് 175 രൂപയുടെ പാസ് ലഭ്യമാണ്. വാര്ത്താസമ്മേളനത്തില് ആലിഫ് ഇന്ഡിവുഡ് ചെയര്മാന് സോഹന് റോയി, ഏരീസ് ഗ്രൂപ് വൈസ് പ്രസിഡന്റ് ശ്യാം കുറുപ്പ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.